സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഇടുക്കി ജില്ലയിലെ വട്ടവടയിൽ ‘ഭാസ്ക്കർ റാവു മെഡിക്കൽ സെൻ്റർ പ്രവർത്തനം ആരംഭിച്ചു. ഒ.പി.യും ഡേ കെയർ സംവിധാനവും ഉള്ള ആരോഗ്യ കേന്ദ്രമാണ് വട്ടവട പഞ്ചായത്തിലെ കോവിലൂരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.മാർച്ച് 23ന് ആർ എസ് എസ് മുൻ അഖില ഭാരതീയ കാര്യദർശി ശ്രീ എസ് സേതുമാധവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
കോവിലൂരിൽ ആരംഭിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ വനവാസി രോഗികൾക്ക് സൗജന്യമായും ഇതര വിഭാഗത്തിൽപ്പെട്ടവർക്ക് മിതമായ നിരക്കിലും ചികിത്സയും മരുന്നും ലഭ്യമാകും. എല്ലാ ദിവസവും നടക്കുന്ന ഒ.പി കൂടാതെ നിശ്ചിത ദിവസങ്ങളിൽ മറ്റു വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധനയും ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം വനവാസികൾ താമസിക്കുന്ന കുടികൾ കേന്ദ്രീകരിച്ച് പല ആരോഗ്യ പദ്ധതികളും ത്വരിതഗതിയിൽ നടപ്പിലാക്കും. ലാബ് അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളും ഉടൻ തന്നെ ആരംഭിക്കുന്നതാണ്.
നിലവിൽ വട്ടവട ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് മികച്ച ചികിത്സക്കായി 45 കിലോമീറ്റർ ദൂരം അകലെയുള്ള മൂന്നാർ ആണ് ആശ്രയം. അത്യാവശ്യ ഘട്ടത്തിൽ കൊടും വനത്തിലൂടെ വന്യമൃഗ ഭീഷണിയും മറികടന്ന് രാത്രി സമയങ്ങളിൽ മൂന്നാർ എത്തുക എന്നത് ദുരിതമാണ്.
എറണാകുളം ശ്രീരാമ കൃഷ്ണ മഠം അദ്ധ്യക്ഷൻ സ്വാമി ഭുവനാത്മാന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗണപതിയമ്മാൾ അദ്ധ്യക്ഷയായി. വട്ടവട പഞ്ചായത്ത് വൈസ് പ്രസിഡൻറ് വേലായുധൻ, പഞ്ചായത്തംഗങ്ങളായ കുപ്പുസ്വാമി, മനോഹർ, ദേശീയ സേവാ ഭാരതി ജനറൽ സെക്രട്ടറി ഡി.വിജയൻ, വനവാസി കല്യാൺ ആശ്രമം ദക്ഷിണ മേഖല ഓർഗനൈസിംഗ് സെക്രട്ടറി എസ് എസ് രാജ്, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ പ്രസിഡൻ്റ് വി.പി.എസ്.മേനോൻ , ഡോ.വി.നാരായണൻ എന്നിവർ സംസാരിച്ചു.